Friday, October 9, 2015

ഓര്‍മപ്പൊട്ടുകള്‍ 2

വാളക്കാട് പഞ്ചായത്ത് എല്‍.പി.എസ്സ്. ഇന്ന്‍ ഒരുപാട് മാറി.പുതിയ കെട്ടിടങ്ങളും ടൈലുപാകിയ മുറ്റവും വര്‍ണാഭമായ ചുവരുകളും ഫാനും ലൈറ്റും ഒക്കെയുള്ള ക്ലാസ്സ്‌ മുറികളും,മുറ്റത്ത് ഗ്രോ ബാഗില്‍ പച്ചക്കറി കൃഷിയും,സ്കൂള്‍ ബസും ഒക്കെ ആയിരിക്കുന്നു. അന്ന് പക്ഷെ ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മഴ പെയ്യുമ്പോള്‍ പൊട്ടിയ ഓടില്‍ക്കൂടി വെള്ളം അകത്തേക്ക് വീഴും. സാറേ വെള്ളം വീഴുന്നു എന്നു പറയുമ്പോള്‍,ബെഞ്ച്‌ ഇത്തിരി മാറ്റിയിട്ട് ഇരി പിള്ളേരെ എന്നു ലളിതമ്മ ടീച്ചറും പറയും.സ്ലേറ്റ്‌ മായ്ക്കാന്‍ എളുപ്പമുണ്ട്. ചോര്‍ന്നു വീഴുന്ന വെള്ളത്തിലേക്ക് പിടിക്കും.
സ്കൂളിന്റെ പിന്നിലും വശങ്ങളിലുമക്കെയുള്ള കുന്നുകളാണ് എന്റെ വീടിനു മുന്നിലുള്ള തോടിന്റെ ഉത്ഭവ സ്ഥാനം. പുറകിലെ കുന്നിന്‍റെ ചോട്ടിലെ പാറയുടെ ഇടയില്‍ നിന്നും എപ്പോളും ഊറ്റുണ്ടാകും.ഊറ്റു വെള്ളത്തില്‍ കളി വാളക്കാട് സ്കൂളിലെ പ്രധാന ഇനമായിരുന്നു. പൊക്കമുള്ള ഭാഗത്ത് അണകെട്ടലും, ബേക്കറിയില്‍ നിന്നും കിട്ടുന്ന സ്ട്രാ പൈപ്പാക്കി അതിലൂടെ വെള്ളം ഒഴുക്കലും ഒക്കെ.പല ഭാഗത്തുള്ള ഉറവകള്‍ പലപല ടീമുകളുടെ അധീനതയില്‍ ആയിരിക്കും.മറ്റൊരിനം കളിമണ്ണു കൊണ്ട് ചെറിയ കട്ടകളും രൂപങ്ങളും ഉണ്ടാക്കുക എന്നതായിരുന്നു.സ്കൂള്‍ കെട്ടിടത്തിനു പുറകിലുള്ള ചെങ്കുത്തായ ഭാഗത്തിനടിവശത്തു നിന്നുമുള്ള കളിമണ്‍ ഖനനം മൂലം ഞങ്ങളില്‍ പലരും വീട്ടിലെത്തുന്നത് പൂട്ടാന്‍ പോകുന്നവരേക്കാള്‍ ദയനീയമായിട്ടായിരുന്നു.മരക്കൊമ്പും ചിരട്ടയുമൊക്കെയാണ് പണി സാമഗ്രികള്‍.   

 പുറകു വശത്തെ പടികള്‍ കയറി മുകളിലെത്തിയാല്‍ നിറയെ പറങ്കിമാവുകളുള്ള അടിക്കാട് വെട്ടിയ ഒരു വിശാലമായ ചരിവുണ്ട്. അവിടെയാണ് പിള്ളാര് മുള്ളാന്‍ പോകുന്നത്.ഈ ഭാഗത്തെ പറങ്കി മാവുകളെല്ലാം നമ്മള്‍ വലിഞ്ഞു കയറി കഴിവ് തെളിയിച്ചിട്ടുള്ളവയാണ്. ആ വകുപ്പില്‍,ഇടക്കിടക്ക്,അറബി സാറിന്റെ കയ്യില്‍ നിന്നും സമ്മാനം വാങ്ങാറുണ്ടായിരുന്നു.മുകളില്‍ അടിക്കാട് വെട്ടാത്ത ഭാഗത്ത് ഉരുളന്‍ പാറകള്‍ക്ക് അടുത്തായി വലിയ ഒരുമാവും അതില്‍ നിറയെ മാങ്ങകളും ഉണ്ടായിരുന്നു. വണ്ണം കാരണം അതില്‍ കയറാന്‍ പ്രയാസമാണ്. എന്റെ കൂട്ടുകാരന്‍ റിയാസ് മാങ്ങാ എറിഞ്ഞു വീഴ്ത്താന്‍ വിദഗ്ധനായിരുന്നു.ഒന്നാം ക്ലാസ്സിലെ പ്രോഗ്രസ് കാര്‍ഡ്‌ വലിച്ചു കീറി കാറ്റില്‍ പറത്തിയ കേസിലെ പ്രതിയായിരുന്നു അവന്‍.നമ്മുടെ വേലത്തരങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിക്കുന്ന കേമന്‍.  പുറകിലെ കുന്നിന്‍ മുകളില്‍ നിന്നും താഴെ ഓടു മേഞ്ഞ കെട്ടിടത്തിനുമപ്പുറം റോക്കറ്റ് വിടാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയ ഷൈജു, ബുക്ക്‌ പേപ്പര്‍ കൊണ്ട് കല്ലിപ്പാട്ടങ്ങള്‍ ഉണ്ടാക്കാന്‍ മിടുക്കരായിരുന്ന ശരത്ത്,ആക്ഷന്‍ ഹീറോ ഷൈജു എം.ബി.,വില്ലനായി കടന്നു വന്ന് നാട് വിട്ടുപോയ സജനു,എല്ലാ അദ്ധ്യാപകരുടെയും കണ്ണിലുണ്ണിയായ സ്വാതി,ബസു കളിക്കുമ്പോള്‍ ടിക്കറ്റ്‌ കൊടുക്കുന്ന സിയാസ്(സ്വന്തം നോട്ട് ബുക്ക്‌ വെട്ടിയാണ് അവന്‍ ടിക്കറ്റ്‌ റാക്ക് ഉണ്ടാക്കിയിരുന്നത്.).എന്റെ പ്രിയ സുഹൃത്തുകളായ ഷമീര്‍ റാഷിദ്,ഫയാസ്, ഈശ്വര പ്രാര്‍ത്ഥന പാടുന്ന റീബ,സുസ്മിത,നീതു ചെരിപ്പു ക്രിക്കെറ്റിലെ കിടിലങ്ങളായ ബിജു,ഷിജു,ഷിനു,തുടങ്ങിയവര്‍..... ഓര്‍മകള്‍ക്കെന്തു സുഗന്ധം............ 

No comments:

Post a Comment