Monday, October 21, 2013

പൊട്ടൻ ചിന്തകൾ

എല്ലാവരും എല്ലാവരെയും എപ്പോഴും അളന്നുകൊണ്ടിരിക്കുകയാണ് . ആർക്കും ആരിലും ആ
കൃത്യം പൂർണ്ണമായി നിർവഹിക്കാൻ കഴിയില്ലെങ്കിലും.കൂലത്തിൽ ചിന്തിച്ചാൽ
അളവുകളെല്ലാം നടക്കുന്നതൊരു താരതമ്യ പഠനത്തിനു വേണ്ടിയാണ് .വലിപ്പച്ചെറുപ്പം താരതമ്യം ചെയ്തു നോക്കാൻ, നീയാണോ ഞാനാണോ വലുതെന്നു കണ്ടു പിടിക്കാൻ.

വ്യക്തിയുടെ സ്വഭാവത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകം, അയാൾ എങ്ങനെ മറ്റുള്ളവരെ അളക്കുന്നു എന്നതിനെയാശ്രയിച്ചാണ് . ഒരുവൻ അളക്കുമ്പോൾ എല്ലാവരും അവനു താഴെയായി നിന്നാൽ അവന്റെ ആത്മവിശ്വാസം ഒരുപക്ഷെ കൂടിയേക്കാം,ക്രമേണ അത് കൂടി അഹങ്കാരമാവാനും മതി.തിരിച്ചും സംഭവിക്കാം.അളന്നപ്പോൾ മാളോരെല്ലാം സ്വന്തം നിലയിൽ നിന്നും ഏറി നിന്നാൽ നിരാശയും ഭലം കിട്ടാം.എന്നാൽ ഒരിക്കലും ഒരാളും പൂർണ്ണമായും ഒരുവന്റെ നിലയ്ക്കു മുകളിലോ താഴെയോ ആകില്ലെന്നത് പ്രകൃതി നിയമമാണെന്നാണെന്റെ പക്ഷം. അങ്ങനെ സംഭവിച്ചു കണ്ടാൽ ,അത് അളവ് സമ്പ്രദായത്തിന്റെ അപാകത കൊണ്ടുണ്ടാകുന്നതാണ് . സകല ദിക്കിൽ നിന്നും ചിന്തിച്ചു മനസ്സിലാക്കേണ്ടതുണ്ട് ആ അപാകത നീങ്ങിക്കിട്ടുവാൻ.

ഒരിക്കലും അവസാനിക്കാത്ത, അവസാനിക്കാൻ പാടില്ലാത്ത പ്രക്രിയയാണിത് . അണുനിമിഷത്തിലുണ്ടാകുന്ന ചലനങ്ങൾ പോലും അപഗ്രഥിക്കപ്പെടുന്നു.മുകളിൽ നിൽക്കുന്നവൻ താഴെയെത്താനും താഴെയുള്ളവൻ മേലെയേറാനും ഇമ ചിമ്മുന്ന നേരം മതി; ഒരു വാക്കോ,നോട്ടമോ,മൂളലോ ഒക്കെ ധാരാളം മതി.



പിൻകുറിപ്പ്‌ 
എല്ലാവരേയുമെന്നപോലെ  ഞാനും അളക്കപ്പെടുന്നു. എന്നെയളന്നവർക്കുള്ളിൽ എനിക്കുള്ള സ്ഥാനം തിരഞ്ഞു നോക്കിയാലോ? (അങ്ങനെ പാടില്ലെന്ന് പണ്ടൊരധ്യാപകൻ വിളക്കിയിട്ടുള്ളതാണ്. ചെയ്യണം എന്നു കരുതുന്ന കാര്യങ്ങൾ നേരെ ചൊവ്വേ ചെയ്യാൻ കഴിയില്ലത്രേ!) ആ ചിന്തയാണ് എന്നെക്കൊണ്ടിതെഴുതിച്ചത് .

എന്നെയളന്ന ചിലർക്കുള്ളിൽ   എനിക്കുള്ള പേര് "വിടുവായൻ" എന്നായിരിക്കുമെന്ന് അവരിൽ പലരുടേയും സംഭാഷണ ശകലങ്ങളുടെ പിൻബലത്തിൽ ഞാനൂഹിക്കുന്നു. എനിക്കതിൽ ദുഃഖമില്ല, കാരണം നാമാരാണെന്നു മറ്റുള്ളവരിലൂടെ അറിയുന്നത് ആത്മസംസ്കരണം ചെയ്യാൻ നല്ലതാണെന്നു മഹാരഥന്മാർ ജീവിതം കൊണ്ട് തെളിയിച്ചതാണല്ലോ? എന്നിരുന്നാലും ഞാൻ ഞാനാണ്.മറ്റൊരാളായി ജീവിക്കാനെനിക്കു പറ്റില്ല.

ഞാൻ അളക്കുന്നവരെല്ലാം എന്റെ മേലെയാവട്ടെ എന്നാണു പ്രാർത്ഥന. അതാണഭികാമ്യം, ശ്രദ്ധയോടെ പ്രവർത്തിക്കാനും,വിനയം കൈവരുവാനും. ഈ രണ്ടു കാര്യങ്ങളും ഈശ്വരാനുഗ്രഹവുമൊത്തു വന്നാൽ സ്വാഭാവികമായും എന്റെ തുലാസിന്റെ തട്ടു താഴ്ന്നു തന്നെ നില്ക്കും.

No comments:

Post a Comment