മഴ എന്നും എനിക്ക് പ്രിയങ്കരമായിരുന്നു.കുട്ടിക്കാലത്ത് നമ്മുടെ പഴയ കുടുംബ വീടിന്റെ ഓലമേഞ്ഞ മേല്ക്കൂരയില്‍ വെള്ളം വീഴുന്ന ശബ്ദം. ഇറമ്പില്‍ നിന്നും വീഴുന്ന ജല നൂലുകളുടെ ചേല്,കുറേ കാലം കഴിഞ്ഞു വീടിന്റെ കൂര ഓടാക്കിയപ്പോള്‍ മഴതാളമൊന്നു മാറിയപോലെ.കുന്നിന്‍ മുകളിലെ പഴയ വീടിന്റെ ജനാലയിലൂടെ നോക്കിയാല്‍ താഴെ പെരുമഴയത്ത് പാടം നിറയുന്നത് കാണാം.മഴ ഒന്നു തോരുമ്പോള്‍ തോട്ടില്‍ എത്ര വെള്ളം പോങ്ങിയെന്നു നോക്കാന്‍ ഓരോട്ടമുണ്ട്.കലങ്ങിമറിഞ്ഞങ്ങനെ പോകുന്നുണ്ടാകും.ചിലപ്പോള്‍ നമ്മുടെ വീട്ടിലേക്കുള്ള മരപ്പാലവും കൊണ്ടുപോകും. തോട്ടു വക്കിലുള്ള കമുകില്‍ പിടിച്ചുകൊണ്ട് ഒഴുക്കളക്കാന്‍ തോട്ടിലേക്ക് കാലിട്ടു നോക്കും. വെള്ളം തെളിഞ്ഞു കഴിഞ്ഞാല്‍ കളി മുഴുവനും തോട്ടില്‍ തന്നെ. നല്ല മഴയാണെങ്കില്‍ മണല്‍ വന്നിട്ടുണ്ടാകും. കുടുംബ സമേതം മണല്‍ വാരലാണ് പിന്നെ. മണ്ണ് കൊണ്ടുണ്ടാക്കിയ വീട് തേയ്ക്കുന്നതും മറ്റും ഈ ചെളി കലര്ന്ന മണല്‍ കൊണ്ടാണ്.നിറയെ പരല്‍ മീനുകള്‍ കാണും. അക്കരെയുള്ള മാമന്മാരുടെ മക്കള്‍ വന്നാല്‍ പിന്നെ തോര്ത്തും കൊണ്ട് മീന്പിടിക്കലായി പണി. ചെറിയ തോടാണ്.പുല്ലും കമ്പും ഒക്കെ കൊണ്ട് അണ കെട്ടും പിന്നെ അതിലേക്കെടുത്ത് ചാടും.കളി വള്ളം കളിയും കാണും.മരക്കമ്പും ചേമ്പിലയുമൊക്കെയാണ് ഞങ്ങളുടെ വള്ളങ്ങള്‍. കാളയും കലപ്പയും ഒക്കെയായി നെടുമങ്ങാടന്‍ വയലു പൂട്ടുമ്പോള്‍ പിന്നാലെ അസംഖ്യം കൊക്കുകള്‍ ഉണ്ടാകും.രാധ ചേച്ചിയുടേയും കുമാരി അമ്മുമ്മയുടെയും നേതൃത്വത്തില്‍ പെണ്ണുങ്ങള്‍ ഞാറു നടുന്നത്, പപ്പടപൊടി മാമയും പെണ്പെറന്നവരും ജോലിക്കാര്ക്ക് ചോറും കൊണ്ട് വരുന്നതും, തൂശനില വെട്ടി, കളിച്ചു നില്ക്കുന്ന ഞങ്ങള്ക്കും നിര്ബനന്ധിച്ചു ജോലിക്കാര്ക്കൊപ്പം പിടിച്ചിരുത്തി ചോറ് വിളമ്പുന്നത്. ഒളി മങ്ങാത്ത കാഴ്ചകള്‍ ഒരുപാട്....
No comments:
Post a Comment