Sunday, October 6, 2013

അവളോട് പറഞ്ഞത്....


അവളോട് പറഞ്ഞത്....


ആഴിയുടെ നീലിമയിൽ,
കാനന സൂനത്തിന്നൊളിയിൽ,
വെണ്മുകിലിൽ, ചന്ദ്രികയിൽ,
മാമക പൂജന വേളകളിൽ,
ചന്ദമെഴും നിൻ വദനം
ശോഭ പരത്തും സുസ്മിതവും
കണ്‍കുളിരേ കാഞ്ചനമേ
താവക രാഗ തേൻ പകരൂ

പൈങ്കിളി ചെറുക്കനല്ല തോഴീ
വസുന്ഡരയുടെ മാറിലെ
കാലത്തിനൊഴുക്കറിയും 
മജ്ജ മാംസാദികൾ തീർത്ത
മാനുഷ ജീവി ഞാൻ.

ദിനമായിരം തരുണികൾ,വർണ്ണ-
വൈവിധ്യം പുലർത്തുന്നവർ എന്റെ-
മുൻ,പിൻ,പാർശ്വ വ്യത്യാസമന്യെ-
കടന്നുപോകുന്നു,
കണ്ടിട്ടും കാണപ്പെടാത്തവർ,
കാണപ്പെട്ടാൽ സ്മരിക്കപ്പെടാത്തവർ. 

അല്പമാകിലും നിന്നഴലെനിക്കു
നിന്നെ കാണിച്ചുതന്നു, കേവലം-
കുളിർ കൊതിക്കും നയന-
ദ്വയങ്ങൾക്കായുള്ള തേട്ടം.

തനിയാവർത്തനമെന്നു തോന്നി തിരികെ
പോരാൻ മനസ്സിന്റെ കാലുകൾക്കാകാത്തത്
നിന്നിലെ നിന്നെയറിഞ്ഞു
പോയതു കൊണ്ടു  മാത്രം.
ആ അറിവ്,
എന്നിലെ നിനക്ക് ,
വൈരക്കല്ലിന്റെ തിളക്കമേകി
സിംഹാസനം പണിതു നൽകി.

ദേവീ പരിവേഷം ചാർത്തി നീ
പാൽചിരി തൂകവേ ദാഹിച്ച-
വശനാകുന്നു,രാഗാർദ്രനാകുന്നു ഞാൻ.
മധു ചഷകം നീട്ടുയെൻ നേർക്കു നീ
അതിനായ് വിധി മനസ്സിൽ തൊട്ടെടുക്കൂ

ചേതസ്സുള്ള കാലമെൻ നിഴലാകുവാൻ
കന്നീരിനുപ്പാകാനാനന്ദനിറവാകാൻ
പ്രഭാതപ്രദോഷങ്ങൾ പ്രസാന്നമാക്കുവാൻ
ബ്രഹ്മ മുഹൂർത്തത്തിൽ ജീവൻ പകരുവാൻ
സ്വാഗതം പാടുന്നീ പാതതൻ ചാരത്ത്
കൈകോർത്തുപോകാനായ്  പോരൂ മനസ്വിനീ...



No comments:

Post a Comment